Hymn 20
എൻ പിതാവിൻ ഭവനത്തിൽ നിന്നകന്നു ഞാൻ
ഇങ്ങുദൂരെയലഞ്ഞല്ലോ ഏറെ നാളുകൾ
ഇന്നുതന്നെയണയും ഞാൻ പിതൃ-സന്നിധിയിൽ
അപരാധമേറ്റു ചൊല്ലി മാപ്പിരന്നിടും
വൽസലനാം പിതാവിൻ്റെ നന്മൊഴികൾ ഞാൻ
കേട്ടിടാതെൻ വഴിനോക്കി തിരിച്ചുപോയി
പിതൃസമ്പത്തഖിലവും സുഖം തേടി ഞാൻ
നശിപ്പിച്ചങ്ങലയുന്നു നിരാധാരനായ്
വേലചെയ്യും ദാസർപോലും പിതൃഗേഹത്തിൽ
സുഖമായി മേവിടുന്നു ദുഃഖമേശാതെ
ഭവനം വിട്ടിറങ്ങിയ വിവേക ശൂന്യൻ
അലയുന്നു ദിനരാത്രം വിവശനായി
മടങ്ങുവാനാശയുണ്ട് മമ മനസ്സിൽ
മടിയുണ്ട് പിതാവിൻറെ മുഖത്തുനോക്കാൻ
മകനെത്താനുപരിയായ് നിനച്ചിടുമോ
പിതാവിൻ്റെ കഴൽ കെട്ടിപ്പുണർന്നീടേണം.
