പൊതു നിർദ്ദേശങ്ങൾ
കുടുംബ കൂട്ടായ്മാ പ്രാർത്ഥനാ സഹായി
പൊതു നിർദ്ദേശങ്ങൾ
കുടുംബ കൂട്ടായ്മകൾ സാധിക്കുമെങ്കിൽ ആഴ്ച്ചതോറും സമ്മേളിക്കുകയാണ് ഉചിതം. അടുത്തവാരം പ്രാർത്ഥന നടക്കുവാൻ പോകുന്ന കുടുംബമേതെന്ന് മുൻകൂട്ടി നിശ്ചയിച്ച് ഈ ആഴ്ചയിലെ പ്രാർത്ഥനാസമ്മേളനത്തിൽത്തന്നെ പരസ്യപ്പെടുത്തുക. പ്രാർത്ഥന നടക്കുന്ന ഭവനത്തിലെ കുടുംബനാഥൻ ഉൾപ്പെടെയുള്ള എല്ലാ കുടുംബാംഗങ്ങളും പ്രാർത്ഥനാസമ്മേളനത്തിൽ സന്നിഹിതരാകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൂട്ടായ്മയിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പങ്കുചേരുവാൻ സാധിക്കുന്ന ദിവസവും സമയവും പ്രാർത്ഥനാസമ്മേളനത്തിനായി കണ്ടെത്തുവാൻ ശ്രദ്ധ വയ്ക്കേണ്ടതാണ്. നിശ്ചിതസമയത്തുതന്നെ പ്രാർത്ഥന ആരംഭിക്കണം. പ്രാർത്ഥനയ്ക്കുവേണ്ടി ഒരു മണിക്കൂറും, റിപ്പോർട്ട് അവതരണം, ചർച്ച, സ്നേഹവിരുന്ന് എന്നിവയ്ക്കുവേണ്ടി അര മണിക്കൂറുമായി സമയം ക്ലിപ്തപ്പെടുത്താവുന്നതാണ്.
കുടുംബ കൂട്ടായ്മാ ഭാരവാഹികൾ പ്രാർത്ഥന നടക്കുന്ന ഭവന -ത്തിൽ മുൻകൂട്ടി എത്തിച്ചേരുകയും പ്രാർത്ഥനയ്ക്കുള്ള ക്രമീകര ണങ്ങൾ നടത്തുകയും ചെയ്യുക. ഭവനത്തിലെ സൗകര്യപ്രദമായ ഒരു മുറിയിൽ ഫർണീച്ചറുകൾ കഴിയുന്നത്ര ഒഴിവാക്കി, എല്ലാവർക്കും ഇരിക്കുവാൻ സ്ഥലമൊരുക്കുക. ആളുകൾക്ക് പരസ്പരം കാണുവാൻ സാധിക്കുംവണ്ണം വൃത്താകൃതിയിൽ ഇരിക്കുകയാണ് അഭികാമ്യം. മദ്ധ്യഭാഗത്ത് ബൈബിൾ പ്രതിഷ്ഠിക്കുവാനും മെഴുകുതിരികൾ തെളിക്കുവാനും സൗകര്യപ്പെടുത്തുക. നിശ്ചിതസമയം ആകുംവരെ നേരത്തേ എത്തിച്ചേരുന്നവർക്ക് കുശലാന്വേഷണം നടത്തി സൗഹൃദം ശക്തിപ്പെടുത്താവുന്നതാണ്. കുടുംബനാഥനും കുടുംബാംഗങ്ങളും ഭവനത്തിലേക്ക് കടന്നുവരുന്നവരെ ഹൃദ്യമായി സ്വീകരിക്കുക.
അന്നത്തെ പ്രാർത്ഥനയിൽ പഠിക്കുവാൻ പോകുന്ന ബൈബിൾ ഭാഗങ്ങൾ മുൻകൂട്ടി തീരുമാനിക്കുകയും അതു വായിക്കുവാൻ വ്യക്തികളെ ചുമതലപ്പെടുത്തുകയും ചെയ്യുക. പ്രാർത്ഥനാ സമ്മേളന ത്തിൽ പാടുവാൻ പോകുന്ന ഗാനങ്ങളും മുൻകൂട്ടി തീരുമാനിക്കുക.
പ്രാർത്ഥനയുടെ നടത്തിപ്പിനെ സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകുവാനുണ്ടെങ്കിൽ കൂട്ടായ്മയുടെ പ്രസിഡന്റോ മറ്റാരെങ്കിലുമോ അതു നൽകുക. പ്രാർത്ഥനാ സഹായിയുടെ കോപ്പി കൾ ആവശ്യത്തിന് പൊതുവായി ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബൈബിൾ നിർബന്ധമായും എല്ലാവരും കൊണ്ടുവരേണ്ടതാണ്.
